എസ് എസ് രാജമൗലിയുടെ ആർആർആർ ഓസ്കറിലേക്ക്. ആർആർആർലെ കീരവാണി സംഗീതം നിർവഹിച്ച നാട്ടു.. നാട്ടുവെന്ന ഗാനത്തിന് ഒറിജിനൽ സോങ് വിഭാഗത്തിൽ നാമനിർദേശം ലഭിച്ചു.
ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന്റെ നെറുകയിൽ നിൽക്കുന്ന അവസരത്തിലാണ് ആർ.ആർ.ആറിനെ തേടി ഇങ്ങനെയൊരു നേട്ടവും എത്തിയിരിക്കുന്നത്. ‘ഞങ്ങൾ ചരിത്രം കുറിച്ചിരിക്കുന്നു’ എന്നാണ് ആർ.ആർ.ആർ. ടീം ട്വീറ്റ് ചെയ്തത്. ഇങ്ങനെയൊരു വാർത്ത പങ്കുവെയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും അവർ ട്വീറ്റ് ചെയ്തു.
മികച്ച ചിത്രം, മികച്ച വിദേശ ചിത്രം മികച്ച സംവിധായകൻ എന്നീ പുരസ്കാരങ്ങളുടെ അന്തിമ നാമനിർദേശ പട്ടികയിൽ ഇടംനേടാൻ ആർആർആറിന് സാധിച്ചില്ല.
ബെസ്റ്റ് ഒറിജിനൽ സോംഗ് പട്ടികയിൽ മറ്റ് നാല് ഹോളിവുഡ് ഗാനങ്ങൾക്കൊപ്പമാണ് കീരവാണി ഈണം നൽകിയ നാട്ടു നാട്ടു ഇടംപിടിച്ചത്. ഓസ്കർ പുരസ്കാര നിർണയ സമിതി നടത്തുന്ന വോട്ടെടുപ്പിൽ വിജയിച്ചാൽ, എ.ആർ. റഹ്മാന് 2009-ൽ നേടിയ മികച്ച ഗാനത്തിനുള്ള ഓസ്കർ പുരസ്കാരം വീണ്ടും ഇന്ത്യയിലെത്തും. സ്ലംഡോഗ് മില്യണർ എന്ന ബ്രിട്ടിഷ് ചിത്രത്തിലെ “ജയ് ഹോ’ എന്ന ഗാനത്തിനാണ് റഹ്മാൻ ഓസ്കർ നേടിയത്.
രാഹുൽ സിപ്ലിഗുഞ്ജ്, കാല ഭൈരവ എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന്റെ ഒറിജിനൽ തെലുങ്ക് വരികൾ എഴുതിയത് ചന്ദ്രബോസ് ആണ്. ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലും മൊഴിമാറ്റിയെത്തിയ ഗാനം 2022-ലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു.
‘ആർആർആർ’, ‘ചെല്ലോ ഷോ’, ‘ഓൾ ദാറ്റ് ബ്രീത്ത്‌സ്’, ‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’ എന്നിവയാണ് ഇന്ത്യയിൽ നിന്ന് മത്സരത്തിനെത്തിയ നാല് ചിത്രങ്ങൾ. ‘നാട്ടു നാട്ടു ‘എന്ന ഗാനത്തിനൊപ്പം ‘അവതാർ’, ‘ബ്ലാക്ക് പാന്തർ’ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളും മത്സരത്തിനുണ്ടായിരുന്നു. മാർച്ച് 12നാണ് ഓസ്കർ പ്രഖ്യാപനം.