കോട്ടയം: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറായി ഷിബു എബ്രഹാമിനെ നിയമിച്ച് സർക്കാർ. നിലവിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫിനാൻസ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന ഷിബുവിന് ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.
രാജിവച്ച ഡയറക്ടർ ശങ്കർ മോഹനു പകരമാണ് ഷിബുവിന്റെ താൽക്കാലിക നിയമനം. പുതിയ ഡയറക്ടറെ കണ്ടെത്തുന്നതിനായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ.രാമചന്ദ്രൻ, പ്രമുഖ സംവിധായകരായ ഷാജി.എൻ.കരുൺ, ടി.വി.ചന്ദ്രൻ എന്നിവരടങ്ങിയ സേർച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
പുതിയ ഭരണസമിതിയെ നിയമിക്കും വരെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഓഫീസ് ചുമതലകൾ നിർവഹിക്കുന്നതിനാണ് താൽക്കാലിക ഡയറക്ടറെ നിയമിക്കുന്നതെന്ന് സർക്കാർ അറിയിച്ചു.
ജാതിവിവേചനമടക്കം നിരവധി ആരോപണങ്ങൾ നേരിട്ട ശങ്കർ മോഹൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഈ നടപടി. ശങ്കർ മോഹന് പിന്തുണയുമായി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീൻ പദവി വഹിക്കുന്ന ഏഴ് അധ്യാപകർ രാജി സമർപ്പിച്ചിരുന്നു.
ജാതി വിവേചനം, സംവരണ അട്ടിമറി, പട്ടിക ജാതി വിദ്യാർഥികളുടെ ഗ്രാൻഡ് വൈകൽ, ജീവനക്കാരെക്കൊണ്ടു വീട്ടുജോലി ചെയ്യിക്കൽ തുടങ്ങി ഗുരുതരമായ ഒട്ടേറെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ശങ്കർ മോഹൻ രാജിവച്ചത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികളും ജീവനക്കാരും ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്ന റിപ്പോർട്ടാണ് കെ.ജയകുമാർ കമ്മിഷൻ നൽകിയിരിക്കുന്നത്. നേരത്തെ നിയമിച്ച കമ്മിഷനും സമാനമായ കാര്യങ്ങളാണു റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
ഡയറക്ടർ ശങ്കർ മോഹനൻ നേരത്തേ രാജിവച്ചെങ്കിലും സമരത്തിൽ നിന്ന് വിദ്യാർഥികൾ പിന്മാറിയിരുന്നില്ല. തങ്ങൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ കൂടി പരിഹരിച്ചു നൽകാതെ സമരം അവസാനിപ്പിക്കേണ്ട എന്നായിരുന്നു വിദ്യാർഥികളുടെ തീരുമാനം.
അതേസമയം, അച്ചടക്കം വേണമെന്ന് ഡയറക്ടർ പറഞ്ഞതിനെതിരെയാണ് വിദ്യാർഥികൾ സമരം ചെയ്തതെന്ന് കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ നന്ദകുമാർ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിവിവേചനം ഉണ്ടായിട്ടില്ല. വിദ്യാർഥികൾക്ക് അധ്യാപകരോട് ബഹുമാനമില്ലെന്നും നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു.’അച്ചടക്കം വേണമെന്ന് ഡയറക്ടർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിദ്യാർഥികൾ സമരം ചെയ്തത്. പുതിയ അധ്യാപകരെ ഇനി വിദ്യാർഥികൾ തന്നെ ഇൻറർവ്യൂ ചെയ്ത് എടുക്കട്ടെ. കാമ്പസിൽ ജാതി വിവേചനം ഉണ്ടായിട്ടില്ല..’ അതേസമയം, സംവരണ വിഷയത്തിൽ വീഴ്ചകൾ ഉണ്ടായെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.