ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. 2019ലെ തെരഞ്ഞെടുപ്പിലടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചുവെന്ന രീതിയിലാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്ന് സൂചനയുണ്ട്.
അതേസമയം, ഗുജറാത്ത് കലാപം പ്രമേയമാക്കിയ ബിബിസിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ക്യാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെന്ററി പ്രദര്‍ശനം തടസ്സമാകുമെന്നും പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല മുന്നറിയിപ്പ് നല്കി. ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.
നേരത്ത ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയാണ് പ്രദര്‍ശനമൊരുക്കിയത്. ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി കാണാന്‍ എത്തിയിരുന്നു. അതിനിടെ, ഡോക്യുമെന്ററിയെ കുറിച്ച് അറിയില്ലെന്ന് അമേരിക്ക പ്രതികരിച്ചു. ഇന്ത്യയും യുഎസും ജനാധിപത്യ മൂല്യങ്ങള്‍ പങ്കുവയ്ക്കുന്ന രാജ്യങ്ങളാണ്. ഇതില്‍ മാറ്റം ഉണ്ടാകുമ്പോള്‍ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും അമേരിക്ക വ്യക്തമാക്കി.
അതേസമയം, ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.