പാലക്കാട്: ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. ചോലോട് ഭാഗത്താണ് ആനയിറങ്ങിയത്. ധോണിയിൽ ഏറെ നാൾ ഭീതിവിതച്ച പിടി7 കാട്ടാനയെ കഴിഞ്ഞ ദിവസം പിടികൂടിയതിന് പിന്നാലെയാണ് വീണ്ടും ആന ഇറങ്ങിയത്.
രാത്രി എട്ടരയോടെയാണ് ആന ജനവാസ കേന്ദ്രത്തിലെത്തിയത്. നാട്ടുകാരുടെയും വനം വകുപ്പിന്‍റെയും കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമായാണ് ആനയെ കാടു കയറ്റിയത്.
പ്രദേശത്തെ നെല്‍കൃഷിയും തെങ്ങുകളും കാട്ടാന നശിപ്പിച്ചു. പിടി സെവനെ പിടികൂടിയതിന് ശേഷവും മേഖലയിൽ കാട്ടാനയെത്തുന്നതില്‍ ആശങ്കയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പിടി7 നൊപ്പം ഉണ്ടായിരുന്ന മോഴയാനയാണ് ഇറങ്ങിയെതെന്നാണ് വനം വകുപ്പിന്‍റെ പ്രാഥമിക നിഗമനം.
ധോണി മേഖലയെ വിറപ്പിച്ച പി.ടി–7 കൊമ്പൻ പിടിയിലായപ്പോൾ വനംമന്ത്രി എ.കെ.ശശീന്ദ്രൻ ‘ധോണി’ എന്നാണു പേരിട്ടത്. ഇതിനെ പരിശീലിപ്പിച്ചു കുങ്കിയാനയാക്കാനാണു തീരുമാനം. പാലക്കാട് ജില്ലയിലെ മലമ്പുഴ, മുണ്ടൂർ, ധോണി മേഖലയിൽ രണ്ടു വർഷത്തിലേറെയായി വ്യാപകമായി കൃഷി നശിപ്പിച്ചു നാട്ടുകാർക്കു പേടിസ്വപ്നമായിരുന്നു പി.ടി–7.