ഡല്‍ഹി: ഗുജറാത്ത് കലാപം പ്രമേയമാക്കിയ ബിബിസിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററി ജെ.എന്‍.യുവില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍. ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ല. കാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെന്‍ററി പ്രദര്‍ശനം തടസ്സമാകുമെന്നും അധികൃതര്‍ പറഞ്ഞു.
നാളെ നിശ്ചയിച്ച ഡോക്യുമെന്ററി പ്രദര്‍ശന പരിപാടി റദ്ദാക്കണമെന്നും പരിപാടിക്ക് അനുവാദം നൽകിയിട്ടില്ലെന്നും വിശദീകരിച്ചാണ് ജെ എൻ യു സർവകലാശാല സര്‍ക്കുലര്‍ പുറത്തിറക്കിയത്. ക്യാമ്പസിനുള്ളിലെ സമാധാന അന്തരീക്ഷം തകർക്കരുത്. ഡോക്യുമെന്ററി പ്രദര്‍ശനം പാടില്ലെന്ന നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നുമാണ് സർവകലാശാലാ മുന്നറിയിപ്പ്.
“2023 ജനുവരി 24ന് രാത്രി 9 മണിക്ക് ‘ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഒരു കൂട്ടം വിദ്യാർഥികൾ ജെ.എന്‍.യു.എസ്.യുവിന്‍റെ പേരിൽ ഒരു ലഘുലേഖ പുറത്തിറക്കിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പരിപാടിക്ക് ജെ.എൻ.യു അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. ഇത്തരമൊരു അനധികൃത പ്രവർത്തനം യൂണിവേഴ്സിറ്റി കാമ്പസിന്റെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തും. വിദ്യാര്‍ഥികള്‍ എത്രയും പെട്ടെന്ന് പരിപാടി റദ്ദാക്കണം. അല്ലെങ്കില്‍ യൂണിവേഴ്സിറ്റി നിയമ പ്രകാരം അച്ചടക്ക നടപടി നേരിടേണ്ടിവരും”- എന്നാണ് രജിസ്ട്രാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
ഗുജറാത്ത് കലാപം പ്രമേയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങളുള്ള ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാതിരിക്കാൻ സര്‍ക്കാര്‍ കടുത്ത പ്രതിരോധം തീര്‍ക്കുമ്പോള്‍ നാളെ രാത്രി ഒന്‍പത് മണിക്ക് ഡോക്യുമെന്‍ററിയുടെ ആദ്യഭാഗം ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു വിദ്യാര്‍ത്ഥി യൂണിയന്‍റെ തീരുമാനം. ഇതിനാണ് സര്‍വകാലാശാല തടയിട്ടത്.
നേരത്ത ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചിരുന്നു. വിദ്യാർഥി സംഘടനയായ ഫ്രറ്റേണിറ്റിയാണ് പ്രദർശനമൊരുക്കിയത്. ഇരുന്നൂറോളം വിദ്യാർഥികൾ ഡോക്യുമെന്ററി കാണാൻ എത്തിയിരുന്നു.