ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ സൈനബയ്‌ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. നവാസുദ്ദീന്റെ അമ്മ മെഹ്‌റുന്നിസ സിദ്ദിഖിയാണ് മരുമകൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ സൈനബയെ ചോദ്യം ചെയ്യാൻ വെർസോവ പൊലീസ് വിളിപ്പിച്ചതായാണ് വിവരം. സൈനബയ്‌ക്കെതിരെ ഐപിസി 452, 323, 504, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സൈനബ തന്റെ ബംഗ്ലാവിൽ അതിക്രമിച്ച് കയറി പ്രശ്നം ഉണ്ടാക്കുകയും തന്നെ ആക്രമിക്കുകയും ചെയ്തു എന്നാണ് അമ്മയുടെ പരാതി. സ്വത്ത് സംബന്ധിച്ച് നവാസുദ്ദീന്റെ അമ്മയും സൈനബയും തമ്മിൽ തർക്കം നിലനിന്നിരുന്നു. നവാസുദ്ദീന്റെ രണ്ടാം ഭാര്യയാണ് സൈനബ.
2010ലാണ് നവാസുദ്ദീനും ആലിയ എന്ന സൈനബും വിവാഹിതരായത്. ലോക്ക്ഡൗൺ കാലത്ത് ഇരുവരും തമ്മിൽ തർക്കമുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ ഇരുവരും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിഷയം വിവാഹമോചനത്തിൽ വരെ എത്തിയിരുന്നു. ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്.