തിരുവനന്തപുരം: അറസ്റ്റിലായ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂര്‍ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
വിവിധ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ ഇന്ന് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാളയത്ത് വച്ച് കൻറോൺമെൻറ് പൊലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.
പൊതു-സ്വകാര്യ മുതലുകൾ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി, പൊലീസുകാരെ ആക്രമിച്ചു, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പി.കെ.ഫിറോസ് പ്രതികരിച്ചു. ഇതുകൊണ്ടൊന്നും താൻ പിന്നോട്ടില്ല. സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് നടക്കാവിൽ യൂത്ത് ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. പിന്നീട് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
പി കെ ഫിറോസിന്റെ അറസ്റ്റിൽ പതറില്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജാമ്യം കിട്ടാതിരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ജനകീയ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.