തിരുവനന്തപുരം: ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ പൊലീസിലെ അഴിച്ചുപണി തുടരുന്നു. തിരുവനന്തപുരം പേട്ട, മംഗലപുരം സ്റ്റേഷനുകളിലെ 24 എസ്എച്ച്ഒമാരെ സ്ഥലമാറ്റി ഉത്തരവിറക്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പ്രശ്‌നക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ സ്റ്റേഷന്‍ ചുമതലയില്‍ നിന്നും മാറ്റി.
അതിനിടെ, തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ നിലവില്‍ സസ്പെന്‍ഷനിലുള്ള ഇന്‍സ്പെക്ടര്‍ അഭിലാഷ്, ലൈംഗിക പീഡന കേസിലും വയോധികയെ മര്‍ദ്ദിച്ച കേസിലും പ്രതിയായ നന്ദാവനം ക്യാമ്പിലെ ഡ്രൈവര്‍ ഷെറി എസ് രാജു, മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പീഡന കേസിലെ പ്രതി ട്രാഫിക്ക് പൊലീസിലെ ഉദ്യോഗസ്ഥനായ റെജി ഡേവിഡ് എന്നിവരെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.
ഇന്‍സ്‌പെക്ടറായിരുന്ന അഭിലാഷ് ശ്രീകാര്യം എസ്എച്ച്ഒ ആയിരിക്കുമ്പോള്‍ ലൈംഗിക പീഡന കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പിരിച്ചു വിടലിലേക്ക് എത്തിച്ചത്. സിറ്റി പൊലീസ് കമ്മീഷണര്‍ സിഎസ് നാഗരാജുവാണ് ഇവരെ സേനയില്‍ നിന്ന് ഒഴിവാക്കിയതായി ഉത്തരവിറക്കിയത്.