തിരുവനന്തപുരം: ഗവർണറെ മറികടന്ന് മലയാളം സർവ്വകലാശാല വിസി നിയമന നടപടികളുമായി സർക്കാർ മുന്നോട്ട്. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് തീരുമാനം. കമ്മിറ്റിയിലേക്ക് രാജ്ഭവൻ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി.
ഗവർണറുടെ പ്രതിനിധിക്ക് പുറമെ സർക്കാറിൻറെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയിം സിന്റിക്കേറ്റിൻറെയും പ്രതിനിധികൾ സർച്ച് കമ്മിറ്റിയിലുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചത്. ഗവർണറുടെ അധികാരം വെട്ടാൻ നിയമസഭ പാസ്സാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെർച്ച് കമ്മിറ്റി ഉണ്ടാക്കുന്നത്. പക്ഷെ ഇതുവരെ ഈ ബില്ലിൽ ഗവർണർ അംഗീകാരം നൽകിയിട്ടില്ല. സർക്കാർ ആവശ്യം ഗവർണർ തള്ളിക്കളയുമെന്ന് ഉറപ്പാണ്.
ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചിരുന്നു. ബിൽ രാഷ്ട്രപതിക്ക് അയക്കുന്നതിലെ സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും രാഷ്ട്രപതിക്ക് അയക്കുന്നതിൽ തീരുമാനം എടുത്തില്ലെന്നും ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടിരുന്നു. കഴിഞ്ഞ ഡിസംബർ 13 ന് നിയമസഭ പാസാക്കിയ ബിൽ 22നാണ് സർക്കാർ ഗവർണർക്ക് അയച്ചത്. ഒൻപത് ദിവസത്തിന് ശേഷം ബിൽ സർക്കാർ രാജ്ഭവന് കൈമാറുകയായിരുന്നു. എന്നാൽ ഗവർണർ അന്നേരം സംസ്ഥാനത്തുണ്ടായിരുന്നില്ല. ബിൽ കണ്ടിട്ടില്ലെന്നും അതു സംബന്ധിച്ച കാര്യങ്ങൾ രാഷ്ട്രപതിയെ അറിയിക്കുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.