തിരുവനന്തപുരം: ജനുവരിപ്പൂക്കള്‍ എന്ന പേരില്‍ വൈലോപ്പിള്ളി സംസ്കൃതിഭവനിൽ സംഘടിപ്പിച്ച നാടക സായാഹ്നം അരങ്ങിലെ വേറിട്ട അനുഭവമായി. രണ്ടു ലഘു നാടകങ്ങളാണ് നാടക സായാഹ്നത്തിന്റെ ഭാഗമായി അരങ്ങിലെത്തിയത്.
മനോജ് നാരായണന്റെ സംവിധാനത്തില്‍ കെജിഒഎ തിരുവനന്തപുരം സൗത്ത് ജില്ല അവതരിപ്പിച്ച കരയാതെ മക്കളെ എന്ന നാടകമാണ് ആദ്യം അവതരിപ്പിച്ചത്. ഓംചേരി രചിച്ച് തൊഴുവന്‍കോട് ജയന് സംവിധാനം ചെയ്ത നോക്കുകുത്തി തെയ്യം എന്ന ഏകപാത്ര നാടകത്തിൽ അമ്പാടി ജയക്കുട്ടനാണ് കഥാപാത്രമായി അരങ്ങിലെത്തിയത്.
നാടക സായാഹ്നത്തിന്റെ ഉദ്ഘാടനം അഡ്വ വി.കെ. പ്രശാന്ത് എംഎൽഎ നിർവഹിച്ചു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ നാടകരംഗത്ത് ഉണ്ടാവേണ്ടത് നാടകത്തിന്റെ വളർച്ചക്ക് അനിവാര്യമാണെന്ന് എംഎൽഎ പറഞ്ഞു. വൈലോപ്പിള്ളി സംസ്കൃതി ഭവന് സെക്രട്ടറി പ്രിയദര്ശനന്.പി.എസ് അധ്യക്ഷനായി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ സത്യന്.എം മുഖ്യാതിഥിയായി. കെജിഒഎ ജനറല്‍ സെക്രട്ടറി ഡോ എസ്.ആര്.മോഹനചന്ദ്രന് നാടക കലാകാരന്മാരെ ആദരിച്ചു. സംസ്കൃതി ഭവന് പ്രോഗ്രാം അസിസ്റ്റന്റ് ആനി ജോണ്സണ്, എസ്. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.