തിരുവനന്തപുരം: കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കെ.വി.തോമസിനെ ഡൽഹിയിൽ നിയമിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കാബിനറ്റ് റാങ്കോടെയാകും നിയമനമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളത്തിന്റെയും മറ്റ് അനുകൂല്യങ്ങളുടെയും വിശദാംശങ്ങൾ ഉത്തരവിൽ പറഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ അജൻഡയ്ക്കു പുറത്തുള്ള വിഷയമായി മുഖ്യമന്ത്രിയാണ് നിയമനവിഷയം പരിഗണനയ്ക്കു കൊണ്ടുവന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി എ.സന്പത്ത് വഹിച്ച പദവിയാണ് തോമസിനു ലഭിച്ചത്.
ഐഎഎസുകാരനായ റസിഡന്റ് കമ്മീഷണർക്കു പുറമേ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടിയായി മുൻ വിദേശകാര്യ ഉദ്യോഗസ്ഥനും നയതന്ത്ര വിദഗ്ധനുമായ വേണു രാജാമണിയും നിലവിലുണ്ട്. ഇതിനു പുറമേയാണു തോമസും രാജ്യതലസ്ഥാനത്ത് സർക്കാർ പ്രതിനിധിയായി എത്തുന്നത്.