മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘പല്ലൊട്ടി 90 ‘s കിഡ്സ്’ ഈ വേനലവധിക്കാലത്ത് തിയറ്ററുകളിൽ എത്തുകയാണ്. ‘ഈ. മ. ഔ, ആമേൻ, ജെല്ലിക്കെട്ട്, ചുരുളി’ തുടങ്ങിയ സിനിമകൾ നൽകി പ്രേക്ഷകരെ അമ്പരിച്ച, സംവിധായകൻ എന്ന നിലയിൽ പ്രേക്ഷകർക്ക് വ്യത്യസ്തതകൾ സമ്മാനിക്കുന്ന ഒരാൾ കൂടിയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ‘നായകൻ’ എന്ന ചിത്രത്തിൽ തുടങ്ങി ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രം വരെ എത്തി നിൽക്കുന്ന ‘എൽ ജെ പി’ എന്ന ലിജോ ജോസ് പെല്ലിശ്ശേരി മലയാളി പ്രേക്ഷകർക്ക് മാത്രമല്ല അത്ഭുതമായി മാറിയത്. അന്താരാഷ്ട്ര തലത്തിൽ വരെ മലയാളികൾക്ക് അഭിമാനിക്കാൻ തക്കവണ്ണം എൽ ജെ പിയുടെ സിനിമകൾ എത്തി കഴിഞ്ഞു. നല്ല സിനിമകൾ തന്ന് പ്രേക്ഷകരുടെ കൈയ്യടി നേടുന്ന ലിജോ ജോസ് പെല്ലിശ്ശേരി, കുട്ടിക്കഥകൾ പറഞ്ഞും പാടിയും എത്തുന്ന കുട്ടികളുടെ ചിത്രം ‘പല്ലൊട്ടി 90’s കിഡ്സ്’ തിയറ്ററുകളിലെത്തിക്കുമ്പോൾ പ്രതീക്ഷകളും ഏറെയാണ്.
തൊണ്ണൂറുകളുടെ ഓർമ്മകളിൽ മധുരം നിറച്ചെത്തുന്ന ഒരു നൊസ്റ്റാൾജിയ കൂടിയായ ‘പല്ലൊട്ടി 90’s കിഡ്സ്’ ചിത്രത്തിന്റെ കഥ – സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ ജിതിൻ രാജ് ആണ്. സിനിമാപ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയയാണ് ചിത്രം നിർമ്മിക്കുന്നത്. മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. സൈജു കുറുപ്പ്, സുധി കോപ്പ, നിരഞ്ജനാ അനൂപ്, ദിനേശ് പ്രഭാകർ തുടങ്ങി വൻ താരനിരകൾക്കൊപ്പം വിനീത് തട്ടിൽ, അബു വളയകുളം, മരിയ പ്രിൻസ് ആന്റണി, അജീഷ, ഉമ ഫൈസൽ അലി എന്നിവരും മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ‘സരിഗമ മലയാളം’ ആണ് ‘പല്ലൊട്ടിയിലെ’ ഗാനങ്ങളുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ‘ഒരു മെക്സിക്കന്‍ അപാരത’ ‘കുമാരി’ എന്നീ ചിത്രങ്ങളിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മണികണ്ഠൻ അയ്യപ്പ ആണ് ‘പല്ലൊട്ടിയുടെ’ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മലയാള സിനിമയിലെ പുതിയ ട്രെൻഡ് സെറ്ററായ സുഹൈൽ കോയയാണ്. ജേക്കബ് ജോർജാണ് എക്സിക്യൂടീവ് പ്രൊഡ്യൂസർ.
‘സിനിമപ്രാന്തൻ പ്രൊഡക്ഷൻസിന്റെ’ ആദ്യ ചിത്രമായ ‘പല്ലൊട്ടി 90’s കിഡ്സ്’ വളരെ പ്രത്യേകതകളോടെയാണ് റിലീസിനൊരുങ്ങുന്നത്. സംവിധാനം, തിരക്കഥ രചന, ക്യാമറ, എഡിറ്റിംഗ്, അഭിനയം തുടങ്ങി ചിത്രത്തിന്റെ മറ്റു സാങ്കേതിക വശങ്ങളിൽ ഉൾപ്പടെ നാൽപ്പതോളം തുടക്കക്കാരാണ് ‘പല്ലൊട്ടിയിലൂടെ’ മലയാള സിനിമയിലേക്ക് കടക്കുന്നത്. കണ്ണൻ, ഉണ്ണി എന്ന രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒപ്പം മനോഹരമായൊരു കുട്ടിക്കാലത്തിന്റെയും കഥയാണ് ‘പല്ലൊട്ടി 90 ‘s കിഡ്സ്’ പറയുന്നത്.
തൊണ്ണൂറ് കാലഘട്ടത്തിന്‍റെ കഥപറയുന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയി എത്തുന്നത് കമ്മാര സംഭവം, കുറുപ്പ് പോലുള്ള വമ്പന്‍ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറും ദേശീയ അവാര്‍ഡ് ജോതാവുമായ ബംഗ്ലാന്‍ ആണ്. ബിഗ്ബി, ബാച്ചിലർ പാർട്ടി, ഡബിള്‍ ബാരല്‍, അണ്ടർ വേൾഡ്, പൊറിഞ്ചു മറിയം, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രവീൺ വർമ്മയാണ് വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ദീപക് വാസൻ ആണ്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നവാഗതനായ ഷാരോൺ ശ്രീനിവാസ് ആണ്. ചിത്രസംയോജനം രോഹിത് വി എസ് വാരിയത്തും ആണ്. പ്രൊജക്ട് ഡിസൈന്‍ ബാദുഷ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിജിത്ത്. ശബ്ദ രൂപകൽപ്പന ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ശബ്ദ മിശ്രണം വിഷ്ണു സുജാതൻ. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എൻ. കാസ്റ്റിംഗ് ഡയറക്ടർ അബു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോർ ബാബു വയനാട്.