ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുള്ളതായി പറയുന്ന ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍റെറിയില്‍ വിശദീകരണവുമായി ബി.ബി.സി. ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയരുന്നുവെന്ന് ബി.ബി.സി വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ പ്രതികരിച്ചില്ല. ഡോക്യുമെന്‍ററിയില്‍ ബിജെപി നേതാക്കളുടെ അഭിപ്രായം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബി.ബി.സി വിശദീകരണത്തില്‍ വ്യക്തമാക്കി.
ബി.ബി.സിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററി സീരീസിനെതിരെ പ്രതിഷേധവുമായി വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരുന്നു. ബി.ബി.സിയുടെ കൊളോണിയൽ മനോനില വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്‍ററി സീരിസെന്നും ഇതൊരു അജണ്ടയാണെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികണം. ഡോക്യുമെന്‍ററി ആസൂത്രിതമാണെന്നും വസ്തുതകൾക്ക് നിരക്കത്തതാണെന്നും പ്രധാനമന്ത്രിയെ അപമാനിക്കാൻ ഉള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
രണ്ട് ഭാഗങ്ങളുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററി സീരീസിലെ ആദ്യ എപ്പിസോഡ് ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്തിരുന്നു. രണ്ടാം ഭാഗം ജനുവരി 24 ന് സംപ്രേക്ഷണം ചെയ്യുമെന്ന് ബി.ബി.സി അറിയിച്ചിട്ടുണ്ട്. രണ്ടാം ഭാഗം സംപ്രേക്ഷണം ചെയ്യുന്നതിന് മുന്നോടിയായാണ് ബി.ബി.സിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ബിബിസി വിശദീകരണവുമായി രംഗത്ത് വന്നത്.
അതേസമയം, 2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് ഉത്തരവാദിത്വമുള്ളതായാണ് ബി.ബി.സി ഡോക്യുമെന്ററി പറയുന്നത്. ഗുജറാത്തിൽ മുസ്‌ലിംകളെ ലക്ഷ്യംവച്ച് നടന്ന ആക്രമണങ്ങൾ നടത്താൻ സാഹചര്യമുണ്ടാക്കിയത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിയാണെന്നാണ് അന്വേഷണാത്മക റിപ്പോർട്ടിലുള്ളത്. വി.എച്ച്.പിയാണ് കലാപം ആസൂത്രണം ചെയ്തത്. ഗുജറാത്ത് സർക്കാർ സൃഷ്ടിച്ചെടുത്ത സാമുദായിക അന്തരീക്ഷം ഉണ്ടായിരുന്നില്ലെങ്കിൽ ഇത്രയും വലിയൊരു കൂട്ടക്കൊല നടത്താൻ വി.എച്ച്.പിക്ക് കഴിയില്ലായിരുന്നു.
കലാപം പൊട്ടിപ്പുറപ്പെട്ട ദിവസമായ 2002 ഫെബ്രുവരി 27ന് നരേന്ദ്രമോദി ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെങ്കിലും ആക്രമികൾക്കെതിരെ നടപടിയെടുക്കരുതെന്ന് നിർദേശിച്ചുവെന്നതുൾപ്പെടെയുള്ള കണ്ടെത്തലുകളും ഡോക്യുമെന്ററിയിലുണ്ട്.
വംശഹത്യ നടന്നതിന് പിന്നാലെ ഗുജറാത്ത് സന്ദർശിച്ച ബ്രിട്ടീഷ് സംഘം തയാറാക്കിയ റിപ്പോർട്ടിലെ ഭാഗങ്ങളും ഡോക്യുമെന്ററിയിലുണ്ട്. ആക്രമണങ്ങൾ നടത്തിയാലും ശിക്ഷയുണ്ടാവില്ലെന്ന പൊതുബോധമാണ് കലാപം ഭീകരമാകാൻ കാരണമെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ അന്വേഷണ സംഘം റിപ്പോർട്ട്‌ചെയ്തതായി ഡോക്യുമെന്ററി പറയുന്നു. റിപ്പോർട്ട് ചെയ്തതിനേക്കാളും വലിയ നാശനഷ്ടങ്ങളാണ് യഥാർത്ഥത്തിൽ ഉണ്ടായത്. ആക്രമണങ്ങൾക്ക് വലിയ രാഷ്ടീയ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് മുസ്ലിംകളെ ഒഴിവാക്കുകയായിരുന്നു ഒന്ന്. വംശീയ ശുദ്ധീകരണവും ഒരുലക്ഷ്യമായിരുന്നു. ഇതിന്റെ ഭാഗമായാണ് മുസ്ലിം സ്ത്രീകളെ വ്യാപകതോതിലും സംഘടിതമായും ലൈംഗിക ആക്രമണത്തിന് ഇരയാക്കിയത്.
പൊലിസിനെ പിൻവലിച്ച് ഹിന്ദുത്വ വാദികളായ അക്രമികളെ പ്രോത്സാഹിപ്പിക്കുന്നതിൽ മോദി സജീവ പങ്ക് വഹിച്ചന്നെ അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്‌ട്രോയുടെ ഉദ്ദരണിയും ഡോക്യുമെന്ററിയിലുണ്ട്.