ന്യൂഡൽഹി: പാക്കിസ്ഥാനുമായി നല്ല അയൽബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ. എന്നാൽ തീവ്രവാദവും ശത്രുതയും അക്രമവും ഇല്ലാത്ത അന്തരീക്ഷമുണ്ടാകണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കശ്മീർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആത്മാർഥമായ ചർച്ചയ്ക്കു തയാറാണെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവയ്ക്കു മറുപടി പറയുകയായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
അയല്‍ക്കാരുമായി നല്ല ബന്ധമാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നതെന്നും ഭീകരതയും അക്രമവുമില്ലാത്ത അനുകൂല സാഹചര്യം ഇതിനു അനിവാര്യമാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
“പാക്കിസ്ഥാനുമായി സാധാരണ അയൽപക്ക ബന്ധമാണ് ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത അനുകൂലമായ അന്തരീക്ഷം ഉണ്ടാകണം. അതാണ് ഞങ്ങളുടെ നിലപാട്.”– അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച യുഎഇ ആസ്ഥാനമായുള്ള അൽ അറബിയ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ, ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങൾക്കുശേഷം പാക്കിസ്ഥാൻ പാഠം പഠിച്ചുവെന്നും ഇപ്പോൾ ഇന്ത്യയുമായി സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഷെരീഫ് പറഞ്ഞിരുന്നു.