ചെന്നൈ: തനിക്കെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ സസ്‌പെൻഷനിലായ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തിക്കെതിരെ തമിഴ്നാട് ഗവർണർ ആർ.എൻ.രവി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഇന്നലെ ചെന്നൈ കോടതിയിൽ കേസ് ഫയൽ ചെയ്തെന്നാണ് വിവരം.
നയപ്രഖ്യാപന പ്രസംഗത്തിൽ ബി.ആർ.അംബേദ്കർ, പെരിയാർ ഉൾപ്പെടെയുള്ളവരെ പരാമർശിക്കുന്ന ഭാഗം ഒഴിവാക്കിയതിനു പിന്നാലെയാണ് ഗവർണർക്കെതിരെ ശിവാജി കൃഷ്ണമൂർത്തി അപകീർത്തികരമായ പരാമർശം നടത്തിയത്. ഗവർണർക്ക് അംബേദ്കറുടെ പേര് പറയാൻ കഴിയുന്നില്ലെങ്കിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടാൻ കശ്മീരിലേക്ക് പോകണമെന്നായിരുന്നു കൃഷ്ണമൂർത്തിയുടെ പരാമർശം. ഇത് വിവാദമായതോടെ കൃഷ്ണമൂർത്തിയെ ഡി.എം.കെ സസ്‌പെൻഡ് ചെയ്തിരുന്നു.
ബിജെപിയുടെ നിര്‍ദേശത്തിനു വഴങ്ങിയാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് ഭരണകക്ഷിയായ ഡിഎംകെയും ഗവർണറും തമ്മിലുള്ള തർക്കത്തിനിടെയായിരുന്നു ശിവാജി കൃഷ്ണമൂർത്തിയുടെ പരാമർശം. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു.
കൃഷ്ണമൂർത്തിക്കെതിരെ ഗവർണർ ചെന്നൈ കോടതിയിൽ ഇന്നലെ കേസ് ഫയൽ ചെയ്തതായാണ് വിവരം. ഗവർണറും സർക്കാറും തമ്മിൽ ഏറെ നാളായി തമിഴ്‌നാട്ടിൽ തർക്കം നിലനിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നാണ് ഡി.എം.കെ ആരോപിക്കുന്നത്.