മലപ്പുറം: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ മൂന്ന് ടേബിളിൽ ഒരു ടേബിളിലെ ബാലറ്റ് നഷ്ടമായെന്ന് സബ്കളക്ടറുടെ റിപ്പോർട്ട്. ടേബിൾ നമ്പർ അഞ്ചിലെ ബാലറ്റുകളാണ് കാണാതായത്. ബാലറ്റ് പെട്ടികൾ തുറന്ന നിലയിലായിരുന്നുവെന്നും ഹൈക്കോടതിക്ക് നൽകിയ സബ്കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ബോക്സിന്റെ വലിപ്പമടക്കം വിശദമായ റിപ്പോർട്ടാണ് സബ്കളക്ടർ സമർപ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. രണ്ട് ഇരുമ്പു പെട്ടികളിലായാണ് ബാലറ്റ് സൂക്ഷിച്ചിരുന്നത്. ഇതിൽ നിന്നാണ് അഞ്ചാം നമ്പർ ടേബിളിലെ ബാലറ്റുകൾ നഷ്ടപ്പെട്ടത്. മറ്റ് രേഖകൾ നഷ്ടപ്പെട്ടിട്ടില്ല.
കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണ സബ് ട്രഷറി ഓഫീസിലെ ലോക്കറില്‍നിന്നു സ്പെഷല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടി കാണാതായ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ മലപ്പുറം സഹകരണ സംഘം ജനറല്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നു പെട്ടി കണ്ടെത്തിയത്.
സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ട് ഓഫീസുകളിലെ നാലു ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെയും, പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെയും ബാലറ്റുകൾ പെരിന്തൽമണ്ണ സബ് ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയത്തിനെതിരായി ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പി.എം.മുസ്തഫ നല്കിയ കേസില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനായി പരിശോധിച്ചപ്പോഴാണ് സ്പെഷല്‍ തപാല്‍വോട്ടടങ്ങിയ രണ്ട് ഇരുമ്പുപെട്ടികളില്‍ ഒരെണ്ണം കാണാതായെന്നു ബോധ്യമായത്.
2021 ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഇത് ചോദ്യം ചെയ്താണ് എതിര് സ്ഥാനാര്‍ത്ഥി കെ.പി.എം.മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.