ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും പിതൃസഹോദര പുത്രനുമായ വരുണ്‍ ഗാന്ധിയെ കാണാനോ സ്‌നേഹപൂര്‍വം ആലിംഗനം ചെയ്യാനോ തനിക്ക് മടിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വരുണ്‍ ഗാന്ധി പിന്തുടരുന്ന രാഷ്ട്രീയ ആശയത്തോടാണ് തനിക്ക് വിയോജിപ്പെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആര്‍എസ്എസ്) ഒപ്പം പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ മരിക്കുന്നതിനാണ് താന്‍ താത്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി എം.പിയും പിതൃസഹോദര പുത്രനുമായ വരുൺ ഗാന്ധി കോൺഗ്രസിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വരുൺ ഗാന്ധിയുടെ ആശയവുമായി തനിക്ക് ഒത്തുപോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ ഭാരത് ജോഡോ യാത്ര തുടരുന്നതിനിടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്.
“വരുണ്‍ ബിജെപി പ്രവര്‍ത്തകനാണ്. ഭാരത് ജോഡോ യാത്രയിലേക്ക് വന്നാല്‍ ചിലപ്പോള്‍ അത് അദ്ദേഹത്തിന് പ്രശ്‌നമുണ്ടാക്കിയേക്കാം. എന്റെ ആശയം അദ്ദേഹത്തിന്റെ ആശയവുമായി ഒത്തുപോകില്ല. എനിക്കൊരിക്കലും ആര്‍എസ്എസിലേക്ക് പോകാനാവില്ല. അതിന് മുമ്പ് നിങ്ങളെന്റെ ശിരച്ഛേദം നടത്തണം. എന്റെ കുടുംബത്തിന് ഒരു ആശയമുണ്ട്, ഒരു ചിന്താരീതിയുണ്ട്. വരുണ്‍ ഒരിക്കല്‍ തിരഞ്ഞെടുത്ത രാഷ്ട്രീയ ആശയം ഇപ്പോഴും പിന്തുടരുന്നു. ആ ആശയത്തില്‍ അദ്ദേഹം മുഴുകിയിരിക്കുകയാണ്. പക്ഷെ, ആ ആശയം എനിക്ക് അംഗീകരിക്കാനാകുന്നതല്ല”, രാഹുല്‍ പറഞ്ഞു.
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കാനാണ് കോൺഗ്രസ് ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങൾ കാരണം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.