പറവൂര്‍: എറണാകുളം പറവൂരില്‍ ഹോട്ടലിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി. തൃശൂരിൽ 12 പേരും കോഴിക്കോട് നാല് പേരും ചികിത്സ തേടി. ഒരാളെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
മജ്‍ലിസ് ഹോട്ടലിൽനിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തൃശൂർ, കോഴിക്കോട് സ്വദേശികൾ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സ തേടുകയായിരുന്നു. പറവൂർ താലൂക്ക് ആശുപത്രിയിൽ 28 പേർ ചികിത്സയിലുണ്ട്. 20 പേർ സ്വകാര്യ ആശുപത്രിയിലാണുള്ളത്.
ഇന്നലെ വൈകീട്ട് മജിലിസ് ഹോട്ടലിൽ നിന്നും കുഴിമന്തിയും, അൽഫാമും, ഷവായിയും മറ്റും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. മയോണൈസും പലരും കഴിച്ചിരുന്നു. രാവിലെ മൂന്ന് വിദ്യാർത്ഥികളെയാണ് ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം അതിവേഗം ഉയർന്നു. ചർദിയും,വയറിളക്കവും,കടുത്ത ക്ഷീണവുമാണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്.
മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എത്തി മജ്‍ലിസ് ഹോട്ടൽ അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ തന്നെ മറ്റൊരു ഹോട്ടലിൽ നിന്നു പഴയ ചായപ്പൊടിയിൽ നിറം ചേർത്തതു പിടികൂടിയതിനെ തുടർന്ന് നടപടി സ്വീകരിച്ചിരുന്നു.