ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നദ്ദ തുടരും. ഡല്‍ഹിയില്‍ നടന്ന ദേശീയ നിര്‍ഹക സമിതിയിലെ തീരുമാനം അമിത് ഷായാണ് പ്രഖ്യാപിച്ചത്. ജെപി നദ്ദയുടെ കീഴിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചെന്ന് അമിത് ഷാ വ്യകത്മാക്കി. കെ സുരേന്ദ്രനടക്കം സംസ്ഥാന അധ്യക്ഷന്മാര്‍ തുടരുന്നതിലും നിര്‍ഹക സമിതിയില്‍ ധാരണയായി.
അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കേ 2024 ജൂണ്‍ വരെയാണ് ജെ പി നദ്ദയുടെ കാലാവധി നീട്ടിയത്. നിയമസഭ തെരഞ്ഞെടുപ്പുകളിലും നദ്ദയുടെ നേതൃത്വം പാര്‍ട്ടിയെ നയിക്കും.
യോഗത്തിൽ നദ്ദയുടെ പേര് നിർദേശിച്ചത് രാജ്നാഥ് സിംഗാണ്. തീരുമാനം ഐക്യകണ്ഠേനയായിരുന്നു എന്ന് അമിത് ഷാ പറഞ്ഞു. കൊവിഡ് കാലത്ത് അടക്കം സംഘടനയെ മികച്ച രീതിയിൽ നദ്ദ മുന്നോട്ട് കൊണ്ടുപോയി .നദ്ദയുടെ കീഴിൽ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും അമിത് ഷാ പറഞ്ഞു.
ഈ വർഷം നടക്കാനിരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നഡ്ഡയ്ക്കു കീഴിലാകും ബിജെപി നേരിടുക. ത്രിപുര, നാഗാലാൻഡ്, മേഘാലയ, കർണാടക, മിസോറാം, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലാണ് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ ജമ്മുകാഷ്മീരിലും തെരഞ്ഞെടുപ്പ് നടന്നേക്കും.
തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ നിലവിലെ സംസ്ഥാന അധ്യക്ഷന്മാരെ മാറ്റേണ്ടെന്നാണ് തീരുമാനം. ആ ആനുകൂല്യമാണ് കെ സുരേന്ദ്രന് കിട്ടുന്നത്. സംസ്ഥാന ഭാരവാഹികളും തുടരും. യോഗത്തിൻ്റെ അവസാന ദിനമായ ഇന്ന് സാമൂഹികം, സാമ്പത്തികം, ക്ഷേമ പദ്ധതികൾ, G20 വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് സാമൂഹ്യ പ്രമേയം വ്യക്തമാക്കുന്നു. കൊവിഡ് കാലത്തെ ഭരണ നിർവഹണവും, ക്ഷേമ പദ്ധതികൾ നടപ്പാക്കിയതിലും പ്രധാനമന്ത്രിയെ യോഗം അഭിനന്ദിച്ചു. യോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന തെരഞ്ഞെടുപ്പുകളിലെ തൻ്റെ കാഴ്ചപ്പാട് അവതരിപ്പിച്ചു.