ന്യൂഡല്‍ഹി: തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ നിർണ്ണായക ദേശീയ നിർവ്വാഹകസമിതി യോഗം ഡല്‍ഹിയിൽ തുടങ്ങി. പ്രധാനമന്ത്രിയുടെ റോഡ് ഷോയോടെ തുടങ്ങിയ രണ്ട് ദിവസത്തെ യോഗത്തിൽ കേരളത്തിലടക്കം സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപരേഖയാകും. എല്ലാ നിർവാഹക സമിതി അംഗങ്ങളോടും തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ യോഗത്തിൽ നിർദേശിച്ച ജെ പി നദ്ദ, ഈ വർഷം 9 സംസ്ഥാനങ്ങളിലും വിജയിക്കുമെന്നും പറഞ്ഞു.35 കേന്ദ്ര മന്ത്രിമാര്‍, 15 മുഖ്യമന്ത്രിമാര്‍ ഉപമുഖ്യമന്ത്രിമാരടക്കം ഉന്നത ബിജെപി നേതാക്കളെല്ലാം ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
നിർണായക സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും അടുക്കവേയാണ് ഡല്‍ഹിയിൽ ബിജെപിയുടെ ദേശീയ നിർവാഹക സമിതി യോഗം ഇന്നും നാളെയുമായി ചേരുന്നത്.
100 ലോക്സഭാ മണ്ഡലങ്ങളിലായി ബിജെപി ദുർബലമായ 72000 ബൂത്തുകൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്നും 130000 ബൂത്തുകളിൽ പ്രവർത്തകർ സജ്ജമായി കഴിഞ്ഞെന്നും നദ്ദ പറഞ്ഞു. യോഗത്തിൽ 4 പ്രമേയങ്ങളാണ് അവതരിപ്പിക്കുന്നത്. മധ്യവർഗത്തെ പരിഗണിക്കണമെന്ന ആർഎസ്എസ് നിർദേശവും യോഗത്തിൽ ചർച്ചയാകും.
‘2023 ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട വര്‍ഷമാണ്, ജെ.പി.നഡ്ഡ യോഗത്തില്‍ ഞങ്ങളോട് പറഞ്ഞു. അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ വര്‍ഷം ഒമ്പത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും വിജയിക്കണമെന്ന് പാര്‍ട്ടി അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്’ – യോഗ വിവരം വിശദീകരിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ദുര്‍ബ്ബലമായ ബൂത്തുകള്‍ കണ്ടെത്തി അവയെ ശക്തിപ്പെടുത്തുകയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ നിര്‍ദേശിച്ചു. 72,000 ബൂത്തുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയതായി പാര്‍ട്ടി അധ്യക്ഷന്‍ യോഗത്തില്‍ വ്യക്തമാക്കിയെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.