ചെന്നൈ: തമിഴ്നാട്ടിൽ ജല്ലിക്കെട്ടിനിടെ കാളയുടെ ആക്രമണത്തിൽ രണ്ട് മരണം. മധുര പാലമേട്ടിലും ട്രിച്ചി സൂരിയൂരിലുമാണ് കാളയുടെ കുത്തേറ്റ് മരണം സംഭവിച്ചത്.
ട്രിച്ചി സൂരിയൂരിൽ നടന്ന ജല്ലിക്കെട്ട് കാണാനെത്തിയ പുതുക്കോട്ട കണ്ണക്കോൽ സ്വദേശി അരവിന്ദ് (25) എന്നയാളെ കാള കുത്തിക്കൊന്നു. പാലമേട് ജല്ലിക്കെട്ടിനിടെ കാളപ്പോരിനിറങ്ങിയ മധുര സ്വദേശി അരവിന്ദ് രാജ് എന്നയാളും കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു. അടിവയറ്റില്‍ കാളയുടെ കുത്തേറ്റ ഇയാള്‍ ജെല്ലിക്കെട്ട് നടക്കുന്ന കളത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. അപകടത്തിന് മുമ്പ് ഏഴ് കാളകളെ അരവിന്ദ് മെരുക്കിയിരുന്നു. എട്ടാമത്തെ കാള പുറത്തേയ്ക്ക് വന്നയുടനെ ഇയാളെ ആക്രമിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഉടൻ തന്നെ മധുര രാജാജി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പാലമേട് ജെല്ലിക്കെട്ടിനിടെ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച നടന്ന ആവണിയപുരം ജെല്ലിക്കെട്ടില്‍ 75 പേര്‍ക്കാണ് പരിക്കേറ്റത്. അതിൽ കാളപ്പോരുകാരും കാളകളുടെ ഉടമകളും കാണികളും പൊലീസുകാരും ഉൾപ്പെടും. ആരുടേയും നില ഗുരുതരമല്ല.