ന്യൂ ഡല്‍ഹി: ബഫര്‍സോണ്‍ വിഷയം സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ചിലേക്ക്. ബഫര്‍സോണില്‍ ഭേദഗതി തേടി കേന്ദ്രം, കേരളം ,കര്‍ണാടക, കര്‍ഷകസംഘടനകള്‍, മറ്റ് സ്വകാര്യ ഹര്‍ജികള്‍ തുടങ്ങിയവര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ചായിരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചത്. ബഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
നേരത്തെ രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. ബഫര്‍ സോണ്‍ വിഷയം മൂന്നംഗ ബെഞ്ചിന് വിടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. വിധിയിലെ ചില ഭാഗങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു. വിധിയില്‍ മാറ്റം വരുകയാണെങ്കില്‍ പുനഃപരിശോധന വേണ്ടല്ലോയെന്നും കോടതി ചോദിച്ചു. അതേസമയം, വിശദമായ വാദം കേട്ടത്തിനൊടുവിലാണ് ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന് വിട്ടത്.
വിധിക്ക് മുന്‍പ് തന്നെ കരട് വിഞ്ജാപനം പലയിടത്തും വന്നിരുന്നുവെങ്കിലും ഈക്കാര്യം കോടതിയെ അറിയിക്കാനായില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ജനങ്ങളില്‍ നിന്നടക്കം അഭിപ്രായങ്ങള്‍ കരട് വിഞ്ജാപനത്തിനായി തേടിയിരുന്നവെന്നും ഇതുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിധി വന്നതെന്നും കേന്ദ്രം വ്യക്തമാക്കി.