തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ ദുരൂഹ മരണത്തിലെ ആദ്യ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍ നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിലും ഉള്‍പ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ക്രിസ്റ്റഫര്‍ ഷിബുവാണ് ക്രൈംബ്രാഞ്ച് സംഘത്തിലും ഉള്‍പ്പെട്ടത്.
നയന കേസ് ആദ്യം മ്യൂസിയം പൊലീസാണ് അന്വേഷിച്ചിരുന്നത്. നയന ആത്മഹത്യ ചെയ്തതാണെന്ന് നിഗമനത്തിലെത്തിയത് ഷിബു അടങ്ങിയ സംഘം ആണ്. നിലവില്‍ ക്രൈംബ്രാഞ്ചിലാണ് ഷിബു.
അതേസമയം, മരണസമയത്ത് നയന ധരിച്ചിരുന്ന വസ്ത്രങ്ങളും പുതപ്പും മ്യൂസിയം സ്റ്റേഷനില്‍ നിന്നും കാണാതായി. ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം നടത്തിയ പരിശോധനയില്‍ വസ്ത്രങ്ങള്‍ കണ്ടെത്താനായില്ല. ഫൊറന്‍സിക് പരിശോധനക്കയച്ച രേഖകളും സ്റ്റേഷനില്ല. നയനയുടെ ചുരിദാര്‍, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവയാണ് കാണാതായത്. ഇവ ആര്‍ഡിഒ കോടതി മ്യൂസിയം പൊലീസിനെ സൂക്ഷിക്കാന്‍ കൈമാറിയിരുന്നു. ഇവയെല്ലാം ഫൊറന്‍സിക് ലാബിലുണ്ടോയെന്ന് വ്യക്തമാകാന്‍ ക്രൈംബ്രാഞ്ച് കത്ത് നല്‍കും.
2019 ഫെബ്രുവരി 23ന് രാത്രിയാണ് തിരുവനന്തപുരത്തെ വാടക വീട്ടിലാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ദുരൂഹത കൂടിയത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് ഡിസിആര്‍ബി അസി.കമ്മീഷണറുടെ പരിശോധനയിലും കണ്ടെത്തിയിരുന്നു.