അഹമ്മദാബാദ്: 2024 ലും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്തിടെ സമാപിച്ച ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തിന് മാത്രമല്ല, രാജ്യത്തിനാകെ സുപ്രധാനമാണ് എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയെ ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാക്കാന്‍ രാജ്യം മുഴുവന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രികുമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും വ്യക്തമാക്കി. സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ തുടക്കമിട്ട പ്രധാനമന്ത്രി ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍.
പ്രധാനമന്ത്രിയാകാന്‍ മമത ബാനര്‍ജിക്ക് കഴിവുണ്ടെന്നാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്‍ പറഞ്ഞ് വച്ചത്. പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ച് നിന്നാല്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്നും അതിനുള്ള സാധ്യതകള്‍ വിലയിരുത്തി വാര്‍ത്ത ഏജന്‍സിയോട് സെന്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ ഐക്യത്തിനായി വാദിച്ച് തൃണമൂൽ നേതാവ് ഡെറക് ഒബ്രയൻ ലേഖനവും എഴുതി.
കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടിയാണ് നരേന്ദ്രമോദിയുടെ തുടര്‍ സാധ്യതയെ കുറിച്ച് അമിത് ഷാ സൂചന നല്‍കുന്നത്. ഗുജറാത്തിലെ ജനങ്ങള്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് സീറ്റുകളോടെ അധികാരം നിലനിര്‍ത്താന്‍ ബി ജെ പിയെ സഹായിച്ചു. സംസ്ഥാനത്തെയും പ്രധാനമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ഗുജറാത്ത് ജനത വോട്ടെടുപ്പിലൂടെ മറുപടി നല്‍കി എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.