ന്യൂ ഡല്‍ഹി: നേപ്പാളിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ 45 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 68 യാത്രക്കാര്‍ അടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളും ഉള്‍പ്പെടുന്നു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ ഉള്ളത്. ആരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് പൊഖാറയിലെ റണ്‍വേക്ക് സമീപം തകര്‍ന്ന് വീണത്. രാവിലെ 10.33 ന് പറന്നുയര്‍ന്ന വിമാനം ലക്ഷ്യത്തിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെയാണ് അപകടത്തില്‍പെട്ടത്. തകര്‍ന്നു വീണയുടന്‍ തന്നെ വിമാനത്തിന് തീപിടിച്ചതിനാല്‍ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം, അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തെത്തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. വിമാനാപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ദുഃഖം രേഖപ്പെടുത്തി.