കോഴിക്കോട്: സംസ്ഥാനത്തെ വന്യജീവികളുടെ വംശ വര്‍ധന തടയാനുള്ള അനുമതിയ്ക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും വന്യമൃഗ ശല്യത്തെ കുറിച്ച് പഠിക്കാന്‍ കെഎഫ്ആര്‍ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കേരളത്തില്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായിട്ടാണ് ഈ നിലയില്‍ വന്യജീവി ആക്രമണം വര്‍ധിച്ചത്. ഇതേക്കുറിച്ച് പല പഠനങ്ങളും നടത്തിയെങ്കിലും ഒന്നും യുക്തിസഹമല്ലെന്നും മന്ത്രി പറഞ്ഞു. വന്യമൃഗങ്ങള്‍ക്ക് കാട്ടില്‍ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. കൂടാതെ വംശ വര്‍ധനവും ഉണ്ടായി. കടുവകള്‍ക്കൊക്കെ കാട്ടില്‍ നിശ്ചിത സ്ഥലം ആവശ്യമാണ്. എന്നാല്‍ ഇതൊക്കെ ഇപ്പോള്‍ ഇല്ലാത്ത സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വയനാട്ടില്‍ കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ നാളെ സര്‍വകക്ഷി യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. ദ്രുത കര്‍മ സേനയുടെ അംഗ ബലം കൂട്ടുമെന്നും സമരമല്ല സഹകരണമാണ് ഈ വിഷയത്തില്‍ വേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു.