പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. സിവിൽ പോലീസ് ഓഫീസർ സജീഫ് ഖാൻ ആണ് അറസ്റ്റിലായത്. രഹസ്യ കേന്ദ്രത്തിൽ ഒളവിൽ താമസിച്ചുവരവേ പത്തനംതിട്ട വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സജീഫ് ഖാനെ അറസ്റ്റ് ചെയ്തത്. അന്വേഷണ വിധേയമായി സജീവ് ഖാനെ നേരത്തെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം 16നായിരുന്നു സംഭവം. സ്റ്റേഷനിൽ ജോലിക്കെത്തിയ ജീവനക്കാരിയെ അടുക്കളയിൽ വച്ച് സിപിഒ സജീഫ് ഖാൻ കടന്നുപിടിക്കുകയായിരുന്നു. പൊലീസുകാരന്‍ ആക്രമിച്ച ഉടൻ തന്നെ ജീവനക്കാരി ആറന്മുള എസ്എച്ച്ഒയെ വിവരം അറിയിച്ചു.
തുടർന്ന് എസ്എച്ച്ഒ പ്രാഥമിക അന്വേഷണത്തിന്‍റെ വിവിരങ്ങൾ പത്തനംതിട്ട ഡിവൈഎസ്പിക്ക് കൈമാറി. ഡിവൈഎസ്പിയുടെ അന്വേഷണം നടക്കുന്നതിനിടയിൽ ജീവനക്കാരി പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലും പരാതി നൽകി.
ഈ പരാതിയിൽ ജീവനക്കാരിയുടെ മൊഴി എടുത്ത വനിത സ്റ്റേഷനിലെ എസ്എച്ച്ഒ സജീഫ് ഖാനെതിരെ ഇന്ത്യൻ ശിക്ഷ നിയമം 354 പ്രകാരം കേസെടുത്തു. ഇതിനൊപ്പം ഇന്നലെ ഡിവൈഎസ്പി തല അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധക്ർ മഹാജന് സമർപ്പിച്ചതോടെയാണ് സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത്. കേസന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ സജീഫ് ഖാനെ ഇന്നാണ് അറസ്റ്റ് ചെയ്തത്.