കണ്ണൂർ: എൽജിബിടിക്യു സമൂഹത്തെ അധിക്ഷേപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. എല്‍ജിബിടിക്യു എന്നാല്‍ ഏറ്റവും മോശമായ സ്വവര്‍ഗരതിയാണെന്നും അത് നാട്ടിൻപുറത്തെ തല്ലിപ്പൊളി പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ശശി തരൂര്‍ ഉദ്ഘാടനം ചെയ്ത ഇ.അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി.
‘‘എൽജിബിടിക്യു നാട്ടിലെ തല്ലിപ്പൊളി പരിപാടിയാണ്. അതിനെ കളറാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ പദം പോലും അപകടകരമാണ്. സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഈ ഹോർമോൺ തകരാർ പരിഹരിക്കാൻ കൗൺസിലിങ് അടക്കം ഒരുപാട് മാർഗങ്ങളുണ്ട്.
ഇത് മതവിശ്വാസത്തിനും എതിരാണ്. ഇതുമൂലം വരുംതലമുറ ജെൻഡർ ആശയക്കുഴപ്പത്തിലാകും. വലുതായിട്ട് ജെൻഡർ തീരുമാനിച്ചാൽ മതിയെന്നു പറയുന്നത് മണ്ടത്തരമാണ്. ജെൻഡർ ആളുകൾ തീരുമാനിക്കട്ടെ എന്നു പറയുന്നതും അപകടകരമാണ്’’– ഷാജി പറഞ്ഞു.
സ്കൂളുകളില്‍ ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ‘ടീച്ചര്‍’ എന്ന് വിളിച്ചാല്‍ മതിയെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെയും കെ എം ഷാജി പരിഹസിച്ചു. പ്രകൃതിയുടെ ഏറ്റവും മനോഹാരിത എന്നത് ആണും പെണ്ണും എന്ന രീതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വ്യത്യസ്തത ഒരു സൗന്ദര്യമാണ്. മനുഷ്യരില്‍ മാത്രമല്ല ജെന്‍ഡര്‍ ഉള്ളത്. ഒരു ചെടിയെടുത്താല്‍ അതില്‍ ആണും പെണ്ണും ഉണ്ട്. സര്‍ക്കാര്‍ കുട്ടികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും കെഎം ഷാജി പറഞ്ഞു.