കൊച്ചി: എസ്‌ഐയുടെ തൊഴില്‍ മാനസിക പീഡനങ്ങള്‍ ചോദ്യം ചെയ്തതിന് വനിതാ സിപിഒയെ അധിക്ഷേപിച്ച് ഇറക്കിവിട്ടതായി പരാതി. ഇന്ന് രാവിലെ എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
സംഭവത്തിന് പിന്നാലെ വിശ്രമ മുറിയില്‍ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകര്‍ വാതില്‍ ചവിട്ടി പൊളിച്ച് പുറത്തിറക്കുകയായിരുന്നു. പനങ്ങനാട് സ്റ്റേഷനിലെ എസ്‌ഐ ജിന്‍സന്‍ ഡൊമനിക്കിനെതിരെയാണ് വനിത സിപിഒ പരാതിയുമായി രംഗത്തെത്തിയത്. രാവിലെ സ്റ്റേഷനിലെത്തി ഡ്യൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ എസ്‌ഐ അധിക്ഷേപ വാക്കുകള്‍ പറഞ്ഞ് മുറിയില്‍ നിന്ന് ഇറക്കിവിട്ടുവെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം, ഡിസിപിയുടെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. കഴിഞ്ഞ കുറച്ച് നാളുകളായി ഡ്യൂട്ടി വിഭജനത്തെ ചൊല്ലി സ്റ്റേഷനില്‍ എസ്‌ഐയും ഉദ്യോഗസ്ഥരും തമ്മില്‍ ഭിന്നതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.