കൊച്ചി: ബ്രിട്ടനില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടേയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. ബ്രിട്ടനില്‍ നിന്നുള്ള വിമാനത്തില്‍ രാവിലെ നെടുമ്പാശ്ശേരിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കഴിഞ്ഞ ഒരു മാസക്കാലമായി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അഞ്ജുവിന്റെ മാതാപിതാക്കള്‍.
കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനില്‍ നഴ്‌സായിരുന്ന അഞ്ജുവിനെയും മക്കളായ ജാന്‍വിയെയും ജീവയെയും കെറ്ററിംഗിലെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബ്രിട്ടനിലെ കെറ്ററിംഗിലെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന അഞ്ജു ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് രക്തം വാര്‍ന്ന് മരിച്ചു കിടക്കുന്ന അഞ്ജുവിനെ കണ്ടത്. കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.