സംസ്ഥാനത്ത് വെള്ളക്കരം കുത്തനെ കൂട്ടിയത് ഗാർഹിക ഉപഭോക്താക്കൾക്ക് വൻഇരുട്ടടി. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയതെങ്കിലും ഫലത്തിൽ വൻവർധനവാണിത്. ശരാശരി 20000 ലിറ്റർ വെള്ളം ഉപയോഗിക്കുന്ന കുടുംബം ഇനിമുതൽ നിലവിലുള്ളതിൻറെ ഇരട്ടിയിലേറെ വില നൽകേണ്ടി വരും. അടുത്ത ഏപ്രിലോടെയാകും നിരക്ക് പ്രാബല്യത്തിലാവുക.
ഒരു ലിറ്ററിന് ഒരു പൈസ കൂട്ടുമ്പോൾ 1000 ലിറ്ററിന് കൂടുക പത്ത് രൂപ. 5000 ലിറ്റർ വരെ ഗാർഹിക ഉപഭോഗത്തിന് മിനിമം ചാർജായി നിലവിൽ ഈടാക്കുന്നത് 22.05 രൂപയാണ്. ഇത് അൻപത് രൂപ വർധിച്ച് 72.05 രൂപയാകും, 10000 ലിറ്റർ ഉപഭോഗത്തിന് ഇപ്പോൾ നൽകേണ്ടത് 44.10 രൂപയാണ്. ഇത് നൂറ് രൂപ കൂടി 144.10 രൂപയാകും.
15000 ലിറ്ററിനാകട്ടെ 71.65 പൈസയായിരുന്നു പഴയനിരക്ക്, ഇത് ഇരട്ടിയിലേറെ വർധിക്കും. ഇനി 15000ലിറ്ററിന് നൽകേണ്ടി വരിക 221.65 രൂപയാണ്. 20000 ലിറ്ററിന് 332.40യാണ് ഇനി വാട്ടർബില്ലിൽ ഈടാക്കുക, 132.40രൂപയാണ് നിലവിലെ നിരക്ക്. ഇതുൾപ്പടെ ഗാർഹികേതര, വ്യവസായ ഉപഭോഗത്തിനും നിരക്ക് വർധനയുണ്ടാകും.