ശബരിമല മകരവിളക്ക് ഇന്ന്. ഉച്ചപൂജ പൂര്‍ത്തിയാക്കി 1.30 ന് നട അടയ്ക്കുന്നതോടെ സന്നിധാനം മകരവിളക്കിനായി ഒരുങ്ങും. വൈകിട്ട് 5 മണിക്ക് ക്ഷേത്ര നട തുറക്കും. ദീപാരാധന പൂര്‍ത്തിയാക്കുന്നതുവരെ പതിനെട്ടാം പടി കയറ്റത്തിന് നിയന്ത്രണമുണ്ടാകും.
ഉച്ചയ്ക്ക് പമ്പയില്‍ എത്തുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് ആചാരപരമായ സ്വീകരണം നല്‍കും . ഇതിന് മുന്നോടിയായി 12 മണിയോടെ തീര്‍ഥാടകരെ പമ്പയില്‍ നിന്ന് കടത്തിവിടുന്നത് തടയും. വൈകിട്ട് 5.30 ന് ശരംകുത്തിയില്‍ ദേവസ്വം അധികൃതര്‍ ചേര്‍ന്ന് തിരുവാഭരണം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തുടര്‍ന്ന് ദീപാരാധന മധ്യേ പൊന്നമ്പല മേട്ടില്‍ മകര വിളക്ക് ദൃശ്യമാകും. വിവിധ വ്യൂ പോയിന്റുകളില്‍ ഇതിനോടകം അയ്യപ്പന്‍മാര്‍ തമ്പടിച്ചിട്ടുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അന്തിമ ഘട്ട സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി.
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍, എം.എല്‍.എമാര്‍, ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപന്‍ എന്നിവരുടെ സാന്നിധ്യത്തിലാകും നാളെ ചടങ്ങുകള്‍ പുരോഗമിക്കുക. രാത്രി 8.45 ന് മകര സംക്രമ പൂജ പൂര്‍ത്തിയാക്കി 11 മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് സമാപനമാകും.