തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസിന് നേരെ വീണ്ടും ബോംബേറ്. പായ്ച്ചിറയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെ രണ്ട് പ്രാവശ്യം ബോംബേറുണ്ടായി. ഉച്ചയ്ക്ക് പൊലീസിനെ ആക്രമിച്ച പ്രതി ഷെഫീക്കാണ് വീണ്ടും ബോബെറിഞ്ഞത്. ഷെഫീക്കിനെ പിടികൂടാൻ പൊലീസ് വീണ്ടും വീട്ടിലെത്തിയപ്പോഴാണ് ബോബെറിഞ്ഞത്.
ഈ വീട്ടിൽ നിന്നും ലഹരി വസ്തുക്കൾ അടങ്ങിയ ബാഗും പൊലീസിന് ലഭിച്ചു. ഇന്ന് ഉച്ചയ്ക്ക് പൊലീസ് എത്തുന്നതിന് മുൻപ് ഈ ബാഗ് ഷെഫീഖിൻ്റെ ഉമ്മ വീടിന് സമീപം ഒളിപ്പിച്ചിരുന്നു. ഈ വിവരം നാട്ടുകാർ മംഗലപുരം പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് പരിശോധിച്ചിരുന്നില്ല.
കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ചുതെങ്ങിലും ഒരു യുവാവിനെ ഇതേ സംഘം തട്ടികൊണ്ടുപോയിരുന്നു. മറ്റു പ്രതികള്‍ക്കുവേണ്ടി അന്വേഷണം തുടരുകയാണ്.