ഷിംല: ഹിമാചല്‍ പ്രദേശില്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കാന്‍ തീരുമാനം. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം സംബന്ധിച്ച തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കൈക്കൊണ്ടു. വിഷയം ആഴത്തില്‍ പഠിച്ച ശേഷമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു പറഞ്ഞു.
‘പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുന്നത് വോട്ടുകള്‍ക്ക് വേണ്ടിയല്ല. ഹിമാചല്‍ പ്രദേശിന്റെ വികസന ചരിത്രമെഴുതിയ ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കാനും സാമൂഹിക സുരക്ഷ ഉറപ്പാക്കാനുമാണ് പദ്ധതി പുനഃസ്ഥാപിക്കുന്നത്.’- സുഖു പറഞ്ഞു.
പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പ് ചില ആശങ്കകള്‍ ഉന്നയിച്ചെങ്കിലും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പെന്‍ഷന്‍ പദ്ധതിക്ക് കീഴിലുള്ള എല്ലാവര്‍ക്കും പഴയ പദ്ധതിയിലേക്ക് മാറാന്‍ സാധിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം അറിയിച്ചു.