കൊച്ചി : സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനായി റാണയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അപേക്ഷ നല്‍കും. അതേസമയം, കഴിഞ്ഞദിവസം ഉച്ചയോടെയാണ് പ്രവീണ്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് അന്വേഷണം നടത്തിയിരുന്നു.
അതിനിടെ, നിക്ഷേപ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ധൂര്‍ത്തടിച്ച് ചെലവഴിച്ചെന്ന് പിടിയിലായ പ്രവീണ്‍ റാണ പൊലീസിന് മൊഴി നല്‍കി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രവീണ്‍ റാണ ഇക്കാര്യം പറഞ്ഞതെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വിരലിലുണ്ടായിരുന്ന വിവാഹമോതിരം വിറ്റാണ് ഒളിവില്‍ പോകാനുള്ള പണം കണ്ടെത്തിയത്. കോയമ്ബത്തൂരിലെത്തിയാണ് മോതിരം വിറ്റതെന്നും പ്രവീണ്‍ പൊലീസിനോട് പറഞ്ഞു.
പൊള്ളാച്ചിയിലെത്തുമ്പോള്‍ ആകെ കയ്യിലുണ്ടായിരുന്നത് 75,000 രൂപയാണെന്നും പണത്തിനായി പല സുഹൃത്തുക്കളോടും സഹായം ചോദിച്ചെങ്കിലും എല്ലാവരും കൈമലര്‍ത്തിയെന്നും പിടിയിലായ റാണ പറഞ്ഞു. അതേസമയം, സുഹൃത്ത് ഷൗക്കത്തിന് 16 കോടി രൂപ കൊടുത്തതായി റാണ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ട് അംഗരക്ഷകരെ കസ്റ്റഡിയിലെടുത്തു.