ന്യൂ ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ജെഡിയു മുന്‍ പ്രസിഡന്റുമായ ശരദ് യാദവ് അന്തരിച്ചു. 75 വയസായിരുന്നു.
ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 10.19നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവായിരുന്നു. ഏഴു തവണ ലോക്സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും ജെഡിയുവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003-ല്‍ ജനതാദള്‍ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ ദേശീയ പ്രസിഡന്റായിരുന്നു അദ്ദേഹം. ബിഹാറില്‍ ജനതാദള്‍ (യുണൈറ്റഡ്) ബിജെപിയുമായി സഖ്യമായതിനെ തുടര്‍ന്ന് ശരദ് യാദവ് ലോക്താന്ത്രിക് ജനതാദള്‍ രൂപീകരിച്ചു. തുടര്‍ന്ന് രാജ്യസഭയില്‍ നിന്ന് അയോഗ്യനാക്കുകയും പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ലോക് തന്ത്രിക് പാര്‍ട്ടിയെ പിന്നീട് ആര്‍ജെഡിയില്‍ ലയിപ്പിച്ചു.
അതേസമയം, ശരദ് യാദവിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.