മംഗളൂരു: ഫ്ളാറ്റില്‍ കഞ്ചാവ് ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്ത ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥിനികളുമുള്‍പ്പെടെ 13 പേരെ മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ബണ്ട്സ് ഹോസ്റ്റല്‍ പരിസരത്തെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
ഡോ.സമീര്‍ (32), ഡോ.മണിമാരന്‍ മുത്തു (28), മെഡിക്കല്‍-ഡെന്റല്‍ വിദ്യാര്‍ഥികളായ നാദിയ (24), വര്‍ഷിണി (26), റിയ ഛദ്ദ (26), ബാനു ദാഹിയ (27), ക്ഷിതിജ് ഗുപ്ത (26), ഇറ ബാസിന് (23), മുഹമ്മദ് റൗഫ് (23) എന്നിവരാണ് ഫ്ളാറ്റില്‍നിന്ന് അറസ്റ്റിലായത്. സംഘവുമായി ബന്ധമുള്ള എംഡി പാത്തോളജി വിദ്യാര്‍ഥി ഹര്‍ഷ കുമാര്‍ (28), ഫാം ഡി വിദ്യാര്‍ഥി അഡോണ്‍ ദേവ് (24), നഗരത്തില്‍ പഴക്കട നടത്തുന്ന മുഹമ്മദ് അഫ്റാര്‍ (23) എന്നിവര്‍ പിന്നീട് അറസ്റ്റിലായി.
രണ്ടു കിലോ കഞ്ചാവും രണ്ട് മൊബൈല്‍ ഫോണുകളും 7000 രൂപയും ഫ്ളാറ്റില്‍നിന്ന് പിടിച്ചെടുത്തു. വിദ്യാര്‍ഥികള്‍ക്കൊപ്പം നാട്ടുകാര്‍ക്കും ഇവിടെനിന്ന് കഞ്ചാവ് വില്പന നടത്തിയിരുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു.
മംഗളൂരുവില്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയും ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനുമായ നീല്‍ കിഷോരിലാല്‍ രാംജി ഷാ (38)യെ ഞായറാഴ്ച കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റില്‍ റെയ്ഡ് നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.