എറണാകുളം: എറണാകുളത്ത് ഭാര്യയെ കൊന്ന് കുഴിച്ചിട്ട കേസിൽ ഭർത്താവ് പിടിയിൽ. ഞാറയ്ക്കൽ സ്വദേശി സജീവനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ രമ്യയെ സജീവൻ കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.
ഒന്നര വർഷം മുമ്പാണ് രമ്യയെ കാണാതായത്. 2021 ആഗസ്റ്റ് 17 മുതല്‍ രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി രമ്യയുടെ കുടുംബം പോലീസില്‍ പരാതിപ്പെട്ടിരുന്നു. രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി പത്രപ്പരസ്യവും നല്‍കിയിരുന്നു. നരബലി കേസിനെ തുടര്‍ന്ന് കാണാതായ സ്ത്രീകളുടെ വിവരം പോലീസ് ശേഖരിക്കുകയും അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്ത് വന്നത്.
പൊലീസ് നടത്തിയ അന്വേഷണം ഒടുവിൽ ഭർത്താവിലേക്ക് തന്നെ എത്തുകയായിരുന്നു. സജീവൻ ഭാര്യ രമ്യയെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ടുവെന്ന് പൊലീസിനേട് സമ്മതിക്കുകയായിരുന്നു. ഈ സ്ഥലത്താണ് പൊലീസ് പരിശോധന നടത്തുന്നത്.
രമ്യയും ഭര്‍ത്താവ് സജീവനും എടവനക്കാട് വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത്. നാട്ടുകാരും അയല്‍ക്കാരുമെല്ലാം രമ്യയെപ്പറ്റി അന്വേഷിക്കുമ്പോള്‍ ജോലിയിലാണെന്നും പുറത്താണെന്നുമൊക്കെയാണ് സജീവന്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്.
പോലീസ് ഇയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യ്ത് വിട്ടയച്ചു. ഇന്ന് രാവിലെയും പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുമ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.