തിരുവനന്തപുരം: കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാവുന്നു. ഇന്ന് ഭാരവാഹി യോഗവും നാളെ എക്സിക്യൂട്ടീവ് യോഗവുമാണ് ചേരുക. കെപിസിസി പുനസംഘടനയും തരൂര്‍ വിവാദവും നിയമസഭയിലേയ്ക്ക് മത്സരിക്കാനുള്ള എംപിമാരുടെ താത്പര്യവും യോഗത്തില്‍ ചര്‍ച്ചയാവും. കെപിസിസി ട്രഷറര്‍ പ്രതാപ ചന്ദ്രന്റെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദവും കെപിസിസി ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുയര്‍ന്ന ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കെപിസിസി നേതൃയോഗത്തില്‍ തീരുമാനമുണ്ടായേക്കും.
അതേസമയം, സ്ഥാനാര്‍ത്ഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ ആര് എവിടെ മത്സരിക്കണമെന്നും മത്സരിപ്പിക്കണോയെന്നും തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും പ്രതിപക്ഷ നേതാവ് വ ഡി സതീശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.