ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങൾക്കെതിരെ നപടിയെടുത്ത് സിപിഎം. കേസിലെ മുഖ്യപ്രതി ഇജാസ് അഹമ്മദിനെ പാർട്ടിയിൽനിന്നും പുറത്താക്കി. ആലപ്പുഴ സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗമായിരുന്നു ഇജാസ്. ഏരിയ കമ്മിറ്റിയംഗവും ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ എ. ഷാനവാസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ഷാനവാസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു. മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലാണ് തീരുമാനം. ഷാനവാസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.
രാത്രി ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊണ്ടത്. മന്ത്രി സജി ചെറിയാനും യോഗത്തിൽ പങ്കെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ വ്യക്തമാക്കി.
കേസിൽ പിടിയിലായവർ സിപിഎം, ഡിവൈഎഫ്ഐ അംഗങ്ങളാണെന്ന് നേരത്തെ വ്യക്തമായിരുന്നു. മുഖ്യപ്രതി ഇജാസ് സിപിഎം ആലപ്പുഴ സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗവും വെള്ളക്കിണർ സ്വദേശി സജാദ് ഡിവൈഎഫ്ഐ വലിയമരം യൂണിറ്റ് സെക്രട്ടറിയുമാണ്. ആലപ്പുഴ നഗരസഭയിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റിയംഗം എ. ഷാനവാസിന്റെ ലോറിയിലാണ് ഇവർ ലഹരി കടത്തിയത്. പ്രതികളെ അറിയില്ലെന്നാണു ഷാനവാസ് ആദ്യം പറഞ്ഞത്. എന്നാൽ പ്രതികൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ഷാനവാസിന്റെ ചിത്രം പുറത്തുവന്നിരുന്നു. ലഹരിക്കടത്തിന് പിടിയിലാകുന്നതിനു നാലുദിവസം മുന്‍പായിരുന്നു ആഘോഷം.
കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ ലഹരി ഉൽപന്നങ്ങൾ പൊലീസ് പിടികൂടിയത്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും സിപിഎം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗവുമായ ഷാനവാസിന്റെ വാഹനത്തിലായിരുന്നു സംഘം ലഹരി കടത്തിയത്. 1,27,410 പാക്കറ്റ് ലഹരിവസ്തുക്കളാണ് കണ്ടെടുത്തത്. ലോറികളിൽ സവാള ചാക്കുകൾക്കിടയിൽ വിവിധ പെട്ടികളിലും ചാക്കുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു. ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ജനുവരി ആറിനു കട്ടപ്പന സ്വദേശി പി.എസ്.ജയന് ലോറി വാടകയ്ക്കു നൽകിയതാണെന്നാണു ഷാനവാസിന്റെ വിശദീകരണം. ഷാനവാസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾക്കു പൊലീസ് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.