കഖാരിയ: ബിഹാറിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ കൊണ്ടുപോകുന്ന പൈപ്പ് പൊട്ടിയതോടെ പാത്രങ്ങളുമായി ഓടിയെത്തി നാട്ടുകാർ. വയലിലേക്ക് ഒഴുകിയ പെട്രോൾ ശേഖരിക്കാൻ കയ്യിൽ കിട്ടിയ പാത്രങ്ങളുമായി ദൂരെ സ്ഥലത്തുനിന്നുപോലും ആൾക്കാരെത്തി. പൊലീസെത്തിയാണ് നാട്ടുകാരെ ഇവിടെനിന്ന് ഒഴിപ്പിച്ചത്.
തലസ്ഥാനത്ത് നിന്ന് 180 കിലോമീറ്റർ അകലെയുള്ള ഖഗാരിയ ജില്ലയിലാണ് അപ്രതീക്ഷിതമായി കൊണ്ടുപോകുന്ന പൈപ്പ് പൊട്ടിയത്. അസമിലേക്ക് ഇന്ധനം കൊണ്ടുപോയിരുന്ന പൈപ്പ് ലൈനിലാണു ചോർച്ചയുണ്ടായത്. ബകിയ ഗ്രാമത്തിലെ ചോളപ്പാടത്തേക്കാണു പെട്രോൾ ഒഴുകിയത്.
സംഭവം അറിഞ്ഞ് ബക്കിയ ഗ്രാമത്തിലേക്ക് പോലീസുകാർ എത്തി. തീപ്പെട്ടി ഉരയ്‌ക്കുന്നതുൾപ്പെടെ തീപിടിക്കാൻ സാധ്യതയുള്ള എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചു.
തീപിടുത്തത്തിലേക്ക് നയിച്ചേക്കാവുന്ന ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ഗ്രാമവാസികൾക്ക് കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് അമിതേഷ് രവി പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കണ്ടെയ്‌നറുകളുമായി വയലിലേക്ക് ഓടാൻ നിൽക്കുന്ന ഗ്രാമീണരെ തടയാൻ പോലീസ് ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.