ജയ്പൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രാജസ്ഥാൻ കോൺഗ്രസ് എംഎൽഎ ജോഹാരി ലാൽ മീണയുടെ മകൻ ദീപക് മീണ അറസ്റ്റിൽ.
മന്ദവാർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പോസ്‌കോ നിയമത്തിലെ (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) പ്രസക്തമായ വകുപ്പുകൾ ചുമത്തുകയും ചെയ്തിട്ടുണ്ട്. 2022 മാർച്ചിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ വിവേക് ശർമ്മ, നേത്രം സംലേതി എന്നീ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2022 മാർച്ചിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവേക് ശർമ എന്ന യുവാവ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. എംഎൽഎയുടെ മകൻ ദീപക് ഉൾപ്പെടെ 5 പ്രതികൾ ചേർന്നാണ് കൂട്ടബലാത്സംഗം നടത്തിയത്. പിന്നാലെ കുട്ടിയുടെ അമ്മാവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മന്ദവാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
“അവരെ [കുറ്റവാളികൾ] തൂക്കിലേറ്റി ശിക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ എന്നോട് ഇത് ചെയ്തിട്ടുണ്ടെങ്കിൽ, അവരെ സ്വതന്ത്രരായി പോകാൻ അനുവദിച്ചാൽ അവർക്ക് മറ്റുള്ളവരോടും ഇത് ചെയ്യാൻ കഴിയും,” പ്രായപൂർത്തിയാകാത്ത പെൺകുട്ടി പറഞ്ഞു. രാജസ്ഥാൻ പോലീസ് കേസ് അടിച്ചമർത്തുകയാണെന്ന് ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.
രാജസ്ഥാനിലെ അൽവാർ ജില്ലയിലെ രാജ്ഗഡ്-ലക്ഷ്മൺഗഡിൽ നിന്നുള്ള എംഎൽഎ ആണ് ജോഹാരി ലാൽ മീണ. കോൺഗ്രസ് എംഎൽഎയുടെ മകനെതിരെ കൂട്ടബലാത്സംഗം ആരോപിച്ചിട്ടും അറസ്റ്റ് ചെയ്യാതിരുന്നതിൽ അശോക് ഗെലോട്ട് സർക്കാരിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ദൗസയുടെ മഹുവ പ്രദേശത്ത് നിന്നാണ് പൊലീസ് എസ്എച്ച്ഒ ദീപക്കിനെ പിടികൂടിയത്. കേസ് നടക്കുന്നതിനിടെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു.