വയനാട്: വയനാട് സുൽത്താൻ ബത്തേരിയെ വിറപ്പിച്ച PM 2 എന്ന കാട്ടാന ഒടുവിൽ കൂട്ടിലായി. ബത്തേരി കുപ്പാടി വനമേഖലയിൽ വെച്ച് മയക്കുവെടി വെച്ചാണ് ആനയെ പിടികൂടിയത്. മുത്തങ്ങ ആനപ്പന്തിയിലെത്തിച്ച കാട്ടാന മയക്കം വിട്ടത് മുതൽ അക്രമാസക്തനായി.
പ്രത്യേകം സജ്ജമാക്കിയ ലോറി വനത്തിനുള്ളിലെത്തിച്ച് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ പുറത്തെത്തിച്ചു. മുത്തങ്ങയിലെത്തിക്കുമ്പോൾ തന്നെ മയക്കം വിട്ടു തുടങ്ങിയ ആന, കൂട്ടിലേക്ക് മാറ്റുന്നതിനിടെ പലതവണ അക്രമാസക്തമായി. കൂട്ടിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ആന്റി ഡോസ് നൽകുന്നതിനിടെ വെറ്റിനറി സർജൻ അരുൺ സക്കറിയക്ക് നേരെയും ആനയുടെ ആക്രമണം ഉണ്ടായി.
ഇന്നലെ വൈകിട്ട് അഞ്ചുമണിവരെ ശ്രമിച്ചിട്ടും ദൗത്യ സംഘത്തിന് ആനയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പി എം 2 എന്ന മോഴയാനയ്ക്ക് സമീപം കൊമ്പനാന നിലയുറപ്പിച്ചതായിരുന്നു വെല്ലുവിളിയായത്. പി.എ 2 നൊപ്പം കൊമ്പനും ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുക്കാൻ ശ്രമിച്ചു. എന്നാല്‍ കുങ്കിയാനകളാണ് വനപാലകർക്ക് കവചമൊരുക്കിയത്. ഇന്നും പി.എം 2 ന് സമീപം ഒരാനക്കൂട്ടം ഉണ്ടായിരുന്നു. ഇവയെ ഓടിച്ച ശേഷമാണ് ദൗത്യം തുടരാനായത്.
പി.എം. 2 ചതുപ്പ് പ്രദേശത്ത് മണിക്കൂറുകൾ തുടർന്നതും മയക്കുവെടിവക്കുന്നത് വൈകാൻ കാരണമായി. ആനയെ തുറന്ന സ്ഥലത്തേക്ക് എത്തിക്കാനാണ് കൂടുതൽ സമയം ചെലവിട്ടത്. ആനയുടെ മയക്കം മാറും മുമ്പ് മുത്തങ്ങയിലെ കൂട്ടിൽ അടക്കുകയായിരുന്നു ശ്രമകരമായ മറ്റൊരു ദൗത്യം. ആനയുമായുള്ള ലോറി അതിവേഗത്തിൽ പാഞ്ഞ് കൃത്യസമയത്ത് ആനപന്തിയിൽ എത്തി. കൂട്ടായ പരിശ്രമത്തിനൊടുവിൽ ആനയെ കൂട്ടിലടയ്ക്കുകയായിരുന്നു.