തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുകയാണെന്നും ഇതിന് ഇരയാകുന്നത് സ്ത്രീകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്ത്രീകളുണ്ടെന്നത് നിർഭാഗ്യകാരമാണ്. സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമിയെ കുറ്റപ്പെടുത്തുന്നതിന് പകരം അക്രമത്തിനിരയായ സ്ത്രീയെ കുറ്റപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. അതായത് ഇവിടെയിപ്പോൾ വിക്ടിം ഷെയിമിംഗാണ് നടക്കുന്നത്. സ്ത്രീകൾ അടിച്ചമർത്തപ്പെടണമെന്ന ഒരു വിഭാഗത്തിന്റെ താൽപര്യമാണ് ഇതിനൊക്കെ പിന്നിൽ. കുറ്റവാളികളെ സംഘപരിവാർ മഹത്വവൽകരിക്കുന്നു. ഫത്വ കേസിലെ പ്രതികൾക്ക് വേണ്ടി റാലി തന്നെ സംഘടിപ്പിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതിയെ അദ്ദേഹം വിമർശിച്ചു. കേന്ദ്രസർക്കാർ ഒരു വിഭാഗം ജനത്തെ ഭീതിയിലാഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നു. മുസ്ലിം വിഭാഗമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത്. ഹരിയാനയിൽ നമസ്കാരം അനുഷ്ഠിച്ച മുസ്ലിങ്ങൾക്ക് നേരെ ബജ്റംഗ്ദൾ ആക്രമണം നടത്തിയത് പഴയ കാര്യമല്ല.
ന്യൂനപക്ഷങ്ങളുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തിയത് ഉത്തർപ്രദേശിലെ കാര്യം. ആ സംഭവത്തിൽ സഖാവ് ബ്രിന്ദ കാരാട്ട് ഇടപെട്ടത് ആവേശകരമായ കാര്യമാണ്. ഇപ്പോൾ കാശിയിലെ ഗ്യാൻവ്യാപി മസ്ജിദും മഥുരയിലെ ഷാഹിദ് ഗാഹ് മസ്ജിദും തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഗ്യാൻവ്യാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന സംഭവത്തിൽ ഇപ്പോൾ കോടതി വ്യവഹാരം നടക്കുകയാണ്. മഥുരയിൽ പരിശോധനയ്ക്ക് തയ്യാറെന്ന് പുരാവസ്തു വകുപ്പ് പറയുന്നു. ഇത് സുപ്രീം കോടതി നിലപാടിന് എതിരാണ്.
ഇന്ത്യയിൽ ഒരു വിഭാഗത്തിന്റെ മാത്രം വിവാഹമോചനം ക്രിമിനൽ കുറ്റമാണ്. മറ്റ് വിഭാഗങ്ങളിൽ സിവിൽ കേസാണ്. ബിജെപി സർക്കാരിന്റെ നിലപാടാണിത്. ഒരു പ്രത്യേക വിഭാഗത്തെ എങ്ങിനെ കാണുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്. ഇന്ത്യയിൽ ജീവിക്കുന്ന പൗരന്മാരെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കേണ്ട സർക്കാർ വിഭാഗീയതയുണ്ടാക്കി ഒരു വിഭാഗത്തെ ഭീതിയിലാക്കുന്നു. ഇതിനെതിരെ വലിയ തോതിൽ യോജിച്ച പോരാട്ടം വളർത്തിയെടുക്കണം.
മുസ്ലിം വിഭാഗത്തിന് നേരെ മാത്രമല്ല ആക്രമണം നടക്കുന്നത്. ക്രൈസ്തവർക്കെതിരെയും ആക്രമണം നടക്കുന്നു. കേരളത്തിന് പുറത്ത് കർണാടകത്തിലടക്കം വലിയ തോതിൽ ആരാധനാ സ്വാതന്ത്ര്യം വിലക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബൈബിൾ നശിപ്പിക്കുന്നു, വൈദികർക്കൊപ്പമുള്ള കൊച്ചു കുട്ടികളെ പോലും ആക്രമിക്കുന്നു.
ഇവിടെ സംഘപരിവാർ ചിലരെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത് നല്ലതിനല്ല എന്ന് പെട്ടെന്ന് തന്നെ ബോധ്യമാകും. പ്രതിപക്ഷ സർക്കാരുകൾ അധികാരത്തിൽ ഇരിക്കുന്ന സ്ഥലങ്ങളിൽ തുടരെത്തുടരെ അട്ടിമറി ശ്രമങ്ങൾ നടത്തുകയാണ് ബിജെപി. ഗവർണർമാരെ ഉപയോഗിച്ചാണ് വലിയ തരത്തിലുള്ള കൈകടത്തൽ കേന്ദ്രം നടത്തുന്നത്. ക്ഷേമ പദ്ധതികളെ ജനങ്ങളുടെ അവകാശമായാണ് സംസ്ഥാന സർക്കാർ കാണുന്നത്. ആരെങ്കിലും കനിഞ്ഞു നൽകുന്ന ഒന്നല്ല അതെന്ന് എല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.