കൊച്ചി: കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കളമശേരി തേവയ്ക്കല്‍ സ്വദേശി ശ്രീനിവാസനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം.
ശ്രീനിവാസനും മകനും വീട്ടിലേക്ക് പോകുന്നതിനിടെ റോഡിന് കുറുകെ ഉണ്ടായിരുന്ന കേബിള്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ബൈക്ക് മുന്നോട്ടു പോയതോടെ കേബിള്‍ പൊട്ടിപ്പോയതുകൊണ്ടാണ് വലിയ അപകടമില്ലാതെ രക്ഷപ്പെട്ടതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. മുഖത്ത് സാരമായി പരിക്കേറ്റ ശ്രീനി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം, പ്രദേശത്ത് തെരുവു വിളക്കുകള്‍ ഇല്ലാത്തതും അപകടത്തിന് കാരണമായെന്ന് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.