തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആരെയും ഉയര്‍ത്തിക്കാട്ടിയിട്ടില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയും താനും എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് മതേതര നിലപാടാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് വലുത് പാര്‍ട്ടിയാണ്, എന്നും കോണ്‍ഗ്രസുകാരനായിരിക്കും. ‘നായര്‍ ബ്രാന്‍ഡ്’ ആയി തന്നെ ആരും പ്രൊജക്ട് ചെയ്തിട്ടില്ലെന്നും ചെന്നത്തല കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാക്കളെ പേരെടുത്ത് പറഞ്ഞ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അതിരൂക്ഷമായ രീതിയില്‍ വിമര്‍ശനമുന്നയിച്ചത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തലയെ ആഭ്യന്തര വകുപ്പിന്റെ താക്കോല്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയത് എന്‍എസ്എസ് ആവശ്യപ്രകാരമായിരുന്നുവെന്നും എന്നാല്‍ ചെന്നിത്തല പിന്നീട് സമുദായത്തെ തള്ളിപ്പറഞ്ഞെന്നുമായിരുന്നു കുറ്റപ്പെടുത്തല്‍.