കാസര്‍കോട് : കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചു. ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നിഗമനം.
എന്നാല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ഉള്ളില്‍ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും ആദ്യ സൂചന നല്‍കിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പൊലീസെത്തിയത്.
അതേസമയം, താന്‍ മാനസിക സംഘര്‍ഷം നേരിടുന്നുവെന്നതടക്കം ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിനായി പൊലീസ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും ബന്ധുക്കളുടേയും മൊഴിയെടുക്കും.