കോട്ടയം: കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ജനുവരി പതിനഞ്ചുവരെ അടച്ചിടാന്‍ തീരുമാനം. അടച്ചിട്ട സ്ഥാപനം തിങ്കളാഴ്ച തുറക്കാനിരിക്കെയാണ് കളക്ടറുടെ ഉത്തരവ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജാതി വിവേചനം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികള്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്നാണ് സ്ഥാപനം അടച്ചിട്ടത്.
വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് ഡിസംബർ 24 മുതൽ കോളജ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സ്ഥാപനം അടച്ചിടാന്‍ കലക്ടര്‍ ഉത്തരവിട്ടത്. അതെ സമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.
വിദ്യാർഥികളുടെ പരാതിയെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് കമ്മീഷനെ നിയമിച്ചിരുന്നു. ഡയറക്ടര്‍ ശങ്കരനാരായണന് ജാതി വിവേചനം കാണിക്കുന്നെന്നും ജാതിയധിക്ഷേപം നടത്തിയെന്നുമാണ് വിദ്യാർഥികളുടെ പരാതി.
അതിനെ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടന്ന് കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍, താത്കാലിക തൊഴിലാളികളെ കൊണ്ട് അദ്ദേഹത്തിന്‍റെ വീട്ടു ജോലി നിര്‍ബന്ധിച്ച് ചെയ്യിച്ചു എന്ന വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്കാരെ ഉപയോഗിച്ച് വീട്ട് ജോലി ചെയ്യിച്ച ഡയറക്ടര്‍ രാജിവയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.