ബത്തേരി: വയനാട് ബത്തേരിയിലിറങ്ങിയ പിഎം2 എന്ന കാട്ടാനയെ പിടികൂടാനായില്ല. ആനയെ മയക്കുവെടിവച്ച് പിടികൂടാൻ വനംവകുപ്പ് സംഘം ശ്രമിച്ചെങ്കിലും ഫലം കാണാതെ മടങ്ങി. മുണ്ടൻകൊല്ലി ചതുപ്പു പ്രദേശത്ത് നിലയുറപ്പിച്ച ആനയെ മയക്കുവെടിവയ്ക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടതോടെ ദൗത്യം താത്കാലികമായി നിർത്തി. തിങ്കളാഴ്ച രാവിലെ പുനരാരംഭിക്കും.
പിഎം2–ന് സമീപം മറ്റൊരു കാട്ടാന നിലയുറപ്പിച്ചതും ദൗത്യത്തിന് വെല്ലുവിളിയാണ്. ഉന്നം പിഴയ്ക്കാതെ വെടി പ്രയോഗിച്ചാൽ അര മണിക്കൂറിനകം ആന മയങ്ങും. വൈകാതെ വാഹനത്തിൽ കയറ്റി പന്തിയിലേക്കു മാറ്റണം. ചതുപ്പ് അല്ലാത്തതും വാഹനം എത്തിക്കാൻ കഴിയുന്നതുമായ പ്രദേശത്തു ഒത്തുകിട്ടിയാൽ മാത്രമാണ് മയക്കുവെടി പ്രയോഗിക്കാനാകുക.
കുപ്പാടി വനമേഖലയിൽ തുടരുന്ന പിഎം2–നെ പിടികൂടാൻ രാവിലെ 8 മുതൽ ദൗത്യസംഘം ശ്രമം തുടങ്ങിയിരുന്നു. ആനയ്ക്കു സമീപത്ത് റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) എത്തിയെങ്കിലും മയക്കുവെടി വയ്ക്കാനായില്ല. പിഎം2–ന് സമീപം മറ്റൊരു കാട്ടാന നിലയുറപ്പിച്ചതാണ് പ്രധാന വെല്ലുവിളിയെന്നു ദൗത്യസംഘം പറയുന്നു.
വെടിവച്ചു പിടിക്കുന്ന മോഴയെ പാർപ്പിക്കുന്നതിനു മുത്തങ്ങ വൈൽഡ് ലൈഫ് റേഞ്ച് ഓഫീസ് പരിസരത്തു സജ്ജമാക്കിയ പന്തി വനം മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദർശിച്ചു. ആനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കാൻ വൈകിയതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം മന്ത്രി എ.കെ.ശശീന്ദ്രൻ വിശദീകരണം തേടി.