കോട്ടയം: സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ(മലപ്പുറം കുഴിമന്തി) നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രശ്മി രാജ് എന്ന നേഴ്സ് മരിച്ച സംഭവത്തിൽ ഭക്ഷണശാലയിലെ മുഖ്യപാചകക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി മുഹമ്മദ് സിറാജൂദീൻ ആണ് പിടിയിലായത്. ഇയാൾക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്.
2022 ഡിസംബർ 29-നാണ് രശ്മി രാജിന് ഭക്ഷ്യവിഷബാധയേൽക്കുന്നത്. ബന്ധുക്കൾ ചേർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനിടയില്‍ ഹോട്ടലിലെ ചീഫ് കുക്ക് ആയ സിറാജുദ്ദീന് ഒളിവില്‍ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കുകയും ചെയ്തിന് ശേഷം ഇയാളെ മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ നിന്നും പിടികൂടുകയായിരുന്നു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.